ഖത്തർ എനർജിയുടെ ലാഭം 32 ശതമാനം കുറഞ്ഞു
ദോഹ: ഖത്തര്‍ ഊര്‍ജ കമ്പനിയായ ഖത്തര്‍ എനര്‍ജിക്ക് 2023ല്‍ 2.33 ലക്ഷം കോടി രൂപ ലാഭം. 2022നെ അപേക്ഷിച്ച് ലാഭത്തില്‍ 32 ശതമാനം ഇടിവ് രേഖപ്പെടുത്തി. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെതുടര്‍ന്ന് ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയില്‍ 2022 ല്‍ 60 ശതമാനത്തോളം വില ഉയര്‍ന്നിരുന്നു. 2022ല്‍ റഷ്യയില്‍നിന്നുള്ള വാതകം ഉപേക്ഷിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെതുടര്‍ന്ന് അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നുമാണ് യൂറോപ്പിലേക്ക് എൽ.എൻ.ജി എത്തിച്ചിരുന്നത്. പ്രതിസന്ധിക്ക് അയവുവരികയും എൽ.എൽ.ജി ഉല്പാദക രാജ്യങ്ങള്‍ ഉല്പാദനം കൂട്ടുകയും ചെയ്തതോടെ വില ഇടിഞ്ഞുതുടങ്ങി. ഇതാണ് ഖത്തര്‍ എനര്‍ജിയുടെ ലാഭത്തിലും പ്രതിഫലിച്ചത്. 101.9 ബില്യണ്‍ ഖത്തര്‍ റിയാല്‍, ഏതാണ്ട് 2.33 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ വരുമാനം. ലോകത്തിന്റെ വർധിച്ച ദ്രവീകൃത പ്രകൃതി വാതക ആവശ്യത്തിനിടെ ഉൽപാദനം ഇരട്ടിയായി വർധിപ്പിക്കുമെന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെതന്നെ ഏറ്റവും വലിയ എൽ.എൻ.ജി നിക്ഷേപ മേഖലയായ നോർത്ത് ഫീൽഡ് മേഖലയിലെ ഉൽപാദനം വർധിപ്പിച്ച് 2030 ഓടെ പ്രതിവർഷം 142 ദശലക്ഷം ടൺ ആയി ഉയർത്തുമെന്നാണ് പ്രഖ്യാപനം.
നിലവിൽ പ്രതിവർഷം 77 ദശലക്ഷം ടൺ ആണ് ഖത്തറിന്റെ ഉൽപാദനം. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയാകുന്നതോടെ 2027ൽ പ്രതിവർഷ ഉൽപാദനം 126 ദശലക്ഷം ടൺ ആയി വർധിക്കുമെന്ന് 2022ൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വെസ്റ്റ് ഫീൽഡിലേക്കുകൂടി പര്യവേക്ഷണം വിപുലീകരിച്ചതാണ് വരും വർഷങ്ങളിൽ ഉൽപാദനം ഉയരുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.എൻ.ജി ഉൽപാദകരായ ഖത്തർ, നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയായി, വിതരണം ആരംഭിക്കുന്നതോടെ 2029ൽ ലോകവിപണിയുടെ 40 ശതമാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ആഗോള ദ്രവീകൃത, പ്രകൃതി വാതക വിപണിയുടെ 40 ശതമാനം ഇപ്പോള്‍ അമേരിക്കയും ഖത്തറുമാണ് കൈയടക്കിയിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)