ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് ശൂറാ കൗണ്‍സില്‍
ദോഹ ∙ ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് ശൂറാ കൗണ്‍സില്‍. പ്രമേയം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്തു പോകണമെങ്കില്‍ കുറഞ്ഞത് 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുന്‍പേ തൊഴിലുടമയുടെ അനുമതി തേടിയിരിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്തത്. തൊഴിലുടമയുടെ അനുമതിയില്ലാതെ പുറത്തു പോകാന്‍ പാടില്ല. എന്നാല്‍ തൊഴിലുടമ അനുമതി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്‍പാകെ തൊഴിലാളികള്‍ക്ക് അപ്പീല്‍ നല്‍കാമെന്നും കൗണ്‍സില്‍ വിലയിരുത്തി. പ്രമേയം സര്‍ക്കാരിന് സമര്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. തൊഴില്‍ കരാര്‍ പ്രാബല്യത്തില്‍ ഇരിക്കെ ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കേസുകളുടെ കാര്യങ്ങളില്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന്റെ അനിവാര്യതയും പ്രമേയത്തില്‍ ഉള്‍പ്പെടുന്നു.
ഒളിച്ചോടുന്ന തൊഴിലാളികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് വിലക്കുണ്ട്. ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് താമസവും ജോലിയും നല്‍കുന്ന കമ്പനികളും വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്ത് പുറത്തു പോകുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് പൊതു ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ അംഗങ്ങള്‍ ഇന്റേണല്‍-എക്‌സ്റ്റേണല്‍ കാര്യ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് വിശദമായ ചര്‍ച്ച നടത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)