ഖത്തറിൽ മ്യൂസിയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം
ദോഹ: ഖത്തറിൽ ജൂലൈ ഒന്നുമുതൽ മ്യൂസിയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ മ്യൂസിയം അധികൃതർ അറിയിച്ചു. നാഷനൽ മ്യൂസിയം ഓഫ് ഖത്തർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുടെ പ്രവർത്തന സമയത്തിലാണ് മാറ്റമുണ്ടാകുക.
വ്യാഴാഴ്ച രാത്രി ഒമ്പതു വരെ പ്രവർത്തന സമയം ദീർഘിപ്പിച്ചതാണ് പ്രധാന മാറ്റം. എല്ലാ മ്യൂസിയങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച അവധിയുടെ തലേദിവസം സന്ദർശകർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്.
നാഷനൽ മ്യൂസിയം ഓഫ് ഖത്തർ, ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവക്ക് ചൊവ്വാഴ്ച അവധിയാകും. ഞായർ, തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയും വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ വൈകീട്ട് ഏഴുവരെയും ഇവ പ്രവർത്തിക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് ബുധനാഴ്ചയാണ് അവധി.
ഞായർ, തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയും വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ വൈകീട്ട് ഏഴുവരെയും പ്രവർത്തിക്കും. ബുധനാഴ്ചയാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന്റെ വാരാന്ത അവധി. മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന് തിങ്കളാഴ്ച അവധിയാകും.
ഞായർ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയും വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ വൈകീട്ട് ഏഴുവരെയും പ്രവർത്തിക്കും. അറ്റകുറ്റപ്പണികൾക്കും ജീവനക്കാരുടെ പരിശീലനത്തിനും പുതിയ പ്രദർശന വസ്തുക്കൾ സ്ഥാപിക്കാനുമാണ് ആഴ്ചയിൽ ഒരു ദിവസം അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. വർഷത്തിലെ പൊതു അവധിയിൽ മാറ്റമില്ല. രണ്ട് പെരുന്നാൾ ദിവസങ്ങളിലാണ് പൊതുഅവധി. ഒന്നാം പെരുന്നാളിന് മാത്രമാണ് ഒഴിവ്. രാജ്യത്ത് പൊതു അവധിയുള്ള മറ്റു ദിവസങ്ങളിൽ മ്യൂസിയം പ്രവർത്തിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)