ഖത്തറിലേക്ക് ജിസിസിയിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന
ദോഹ: ബലി പെരുന്നാൾ അവധിക്കാലത്ത് ഖത്തറിലേക്ക് കൂടുതൽ ആളുകൾ എത്തിയത് സൗദി, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന്. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ മികച്ച സൗകര്യങ്ങളും വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിരുന്നു. കരമാർഗം ധാരാളം ആളുകളെത്തി. സൽവ അതിർത്തി കടന്നെത്തിയ വാഹനങ്ങളുടെ എണ്ണത്തിലും ഈ വർധന കാണാം. ഖത്തറിന്റെ മികച്ച വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെയും ഖത്തർ ടൂറിസത്തിന്റെ പരിശ്രമത്തിന്റെയും ഫലമായാണ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലെ വർധന വിലയിരുത്തുന്നത്. 80 ശതമാനമായിരുന്നു രാജ്യത്തെ മുൻനിര ഹോട്ടലുകളിലെ പെരുന്നാൾ അവധി ദിവസങ്ങളിലെ ഒക്യുപെൻസി നിരക്ക്. കടുത്ത ചൂടാണ് വിനോദ സഞ്ചാരത്തെ പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകം. ഉയർന്ന താപനിലയിൽ പോലും വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ എയർ കണ്ടീഷൻ ചെയ്തത് സമീപകാലത്ത് രാജ്യം ചെയ്ത ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്നാണ്. സ്വദേശികളിൽ നല്ലൊരു വിഭാഗം അവധി ആഘോഷത്തിന് വിദേശത്ത് പോയി. സൗദി, യു.എ.ഇ, തുർക്കിയ, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകൾ പോയത്. തിരക്കും ഉയർന്ന ടിക്കറ്റ് നിരക്കും ഒഴിവാക്കാൻ നിരവധി പേർ പെരുന്നാൾ അവധിക്ക് ശേഷം പോകാൻ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ, യു.എസ്.എ എന്നിവിടങ്ങളിലേക്കാകും വേനലവധിക്കാലത്ത് കൂടുതലായും സഞ്ചരിക്കുക. തുർക്കിയ, ജർമനി, ബെൽജിയം, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവ ഖത്തരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)