ഖത്തർ കൂടുതൽ ചൈനീസ് നിക്ഷേപം ആകർഷിക്കും
ദോഹ: ഖത്തറിൽ കൂടുതൽ ചൈനീസ് നിക്ഷേപം ആകർഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ഖത്തറിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ‘ഇൻവെസ്റ്റ് ഖത്തർ’ സീനിയർ മാനേജർ ഫഹദ് അലി അൽ കുവാരി പറഞ്ഞു. എണ്ണക്കും പ്രകൃതിവാതകത്തിനും അപ്പുറം സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ ഖത്തർ ആഗ്രഹിക്കുന്നു.
ചൈനീസ് കമ്പനികൾക്ക് മുമ്പ് ഇടമില്ലാതിരുന്ന വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കുന്ന പ്ലാറ്റ്ഫോം നൽകാൻ ഖത്തറിന് കഴിയും. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യം എന്ന നിലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് ശ്രമം. നൂറിലധികം രാജ്യക്കാർക്ക് വിസയില്ലാതെ പ്രവേശനം നൽകുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഖത്തർ ഉയർന്നുവരുന്നു. ചൈനയിലെ വലിയ കമ്പനികളെ മാത്രമല്ല, ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സ്വാഗതം ചെയ്യുന്നു. സമീപ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം 1300 കോടി ഡോളർ കവിഞ്ഞിട്ടുണ്ട്. 2023 നവംബറിൽ ചൈനയിലെ പ്രമുഖ പെട്രോളിയം, പെട്രോകെമിക്കൽ സംരംഭമായ സിനോപെക്കിന് പ്രകൃതിവാതകം വിതരണം ചെയ്യാനുള്ള 27 വർഷത്തെ കരാറിൽ ഒപ്പിട്ടത് സുപ്രധാന ചുവടുവെപ്പാണ്. പ്രതിവർഷം 30 ലക്ഷം ടൺ വാതകം നൽകുന്നു. മാത്രമല്ല നോർത്ത് ഫീൽഡ് വാതക വിപുലീകരണ പദ്ധതിയിൽ സിനൊപെകിന്റെ ഓഹരി ഉറപ്പിച്ചു. ദ്രവീകൃത പ്രകൃതി വാതക കപ്പൽ നിർമാണത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഖത്തർ എനർജിയും ചൈന സ്റ്റേറ്റ് ഷിപ്ബിൽഡിങ് കോർപറേഷനും തമ്മിൽ 60 കോടി ഡോളറിന്റെ കരാറിൽ ഒപ്പിട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)