ഖത്തറില്‍ ഭാരം കുറക്കാൻ മൗഞ്ചാരോ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡോക്ടർമാർ
ദോഹ: പ്രത്യേക നിർദേശ പ്രകാരമല്ലാതെ ശരീരഭാരം കുറക്കാൻ മൗഞ്ചാരോ ടിർസെപറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിനെതിരെ ഡോക്ടർമാർ. ടൈപ് 2 പ്രമേഹത്തിനുള്ള മരുന്നായി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിനെ അംഗീകരിക്കുകയും ലൈസൻസ് നൽകുകയും ചെയ്തതാണെന്നും ഭാരക്കുറവിനുള്ള മരുന്നല്ല ഇതെന്നും ഡോക്ടർമാർ വ്യക്തമാക്കി. മെഡിക്കൽ മേൽനോട്ടമില്ലാതെ മൗഞ്ചാരോ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വയറിളക്കം, മലബന്ധം, താൽക്കാലിക കുടൽ പക്ഷാഘാതം, ഓക്കാനം തുടങ്ങിയവക്ക് കാരണമാകുമെന്നും ഒബിസിറ്റി സർജറി കൺസൾട്ടന്റ് ഡോ. മുഹമ്മദ് ജഹാം അൽ കുവാരി, ക്ലിനിക്കൽ നുട്രീഷ്യൻ കൺസൾട്ടന്റ് ഡോ. ആയിഷ സഖർ, ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. അബ്ദുറഹ്മാൻ അൽ മസ് രി എന്നിവർ മുന്നറിയിപ്പ് നൽകി. പ്രാദേശിക അറബി ദിനപത്രമായ അൽ റായിയോട് സംസാരിക്കുകയായിരുന്നു അവർ. അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് കാരണമായേക്കാം എന്നതിന് പുറമെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയാകുമെന്നും ഡോക്ടർമാർ പറഞ്ഞു. വിശപ്പ് അടിച്ചമർത്താനുള്ള കഴിവാണ് ഇഞ്ചക്ഷനുകൾക്ക് ജനപ്രീതിയും പ്രചാരണവും നൽകുന്നത്. പാൻക്രിയാറ്റിക് അണുബാധയുള്ളവരും ജനിതകപരമായി തൈറോയിഡ് ട്യൂമറുകൾ ബാധിക്കാൻ സാധ്യതയുള്ളവരും ഇത് ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. അമിത വണ്ണത്തിൽനിന്നും മുക്തി നേടാൻ മരുന്നുകൾ മുതൽ ശസ്ത്രക്രിയ വരെ പൊതു അംഗീകൃത ചികിത്സ രീതികൾ വേറെയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
Comments (0)