ഖത്തറിലെ തെരുവുകളിൽ നിന്ന് രക്ഷിച്ച 20 പൂച്ചകൾ നിന്ന് യു.എസിലേക്ക് പറന്നു
ദോഹ: 20 പൂച്ചകൾ കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്നു. വിമാനത്തിലാണെന്ന് മാത്രം. ഖത്തറിലെ തെരുവുകളിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഹൂസ്റ്റണിൽ സുഖമായിരിക്കുന്നു. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റിയാണ് ‘രക്ഷാദൗത്യം’ സംഘടിപ്പിച്ചത്. മൃഗസ്നേഹിയായ കാത്തി ഫിലിപ്പ് സോളിയോ എന്ന സ്ത്രീ സ്വന്തം താൽപര്യത്തിൽ മുൻകൈയെടുത്ത് സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. പൂച്ചകൾക്ക് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റി പ്രതികരിച്ചു. പൂച്ചകൾ എത്തുന്നതിന് മുമ്പ് ഹൂസ്റ്റണിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു.
മൃഗസ്നേഹികളായ ആളുകൾക്ക് വളർത്താൻ നൽകുകയാണ് ചെയ്യുക. പൂച്ചകൾ സുഖമായിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സൊസൈറ്റിയുടെ നടപടികൾ ഉണ്ടാകും. തെരുവ് പൂച്ചകൾ അധികരിച്ചുവരുന്നത് തടയാൻ ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റി വെൽനെസ് ക്ലിനിക്ക് വന്ധ്യംകരണ കാമ്പയിൻ നടത്തുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടത്തുന്ന കുത്തിവെപ്പിന് 80 ഡോളറാണ് ഫീസ് ഈടാക്കുന്നത്.
ഇതാദ്യമായല്ല ഖത്തറിൽനിന്ന് പൂച്ചകളെ വിമാനത്തിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്. 2022 ഏപ്രിലിൽ 25 പൂച്ചകളെ വിസ്കോൻസിൻ കാറ്റ് കഫെ കൊണ്ടുപോയി. ഖത്തറിൽ 20 ലക്ഷത്തിലേറെ തെരുവ് പൂച്ചകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വന്ധ്യംകരണത്തിനുള്ള നീക്കം കാര്യമായി നടന്നിട്ടില്ല.
‘കുവൈത്ത് സിക്സ്’ എന്നറിയപ്പെട്ടിരുന്ന ആറ് സിംഹങ്ങളെ കഴിഞ്ഞ മാസം കുവൈത്തിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ 455 ഏക്കർ വിസ്തൃതിയുള്ള വന്യജീവി സങ്കേതത്തിൽ എത്തിച്ചത് ഖത്തർ എയർവേയ്സിന്റെ കാർഗോ വിമാനത്തിലാണ്. ഖത്തർ എയർവേയ്സ് കാർഗോ ആനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനലിന്റെ സഹായത്തോടെയാണ് സിംഹങ്ങളുടെ പുനരധിവാസം സാധ്യമാക്കിയത്. കുവൈത്ത് മൃഗശാലയിൽ കഴിഞ്ഞിരുന്ന സിംഹങ്ങളെ കൊണ്ടുപോകാൻ അധികൃതർ ഖത്തറിലെ അനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനലിന്റെ സഹായം തേടുകയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)