പെരുന്നാൾ അവധി: പൊതുപാർക്കുകൾ രാത്രി വൈകിയും തുറക്കും, അറിയാം വിശദമായി
ദോഹ: പെരുന്നാൾ അവധിയോടനുബന്ധിച്ച് ഖത്തറിലെ പൊതു പാർക്കുകൾ രാത്രി വൈകിയും തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വകുപ്പ് അറിയിച്ചു. അൽ ഫുർജാൻ പാർക്കുകൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി രാവിലെ അഞ്ച് മുതൽ രാത്രി ഒന്നുവരെ തുറക്കും. ഓപൺ പാർക്കുകൾ സുരക്ഷ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും തുറക്കും. രാത്രി എട്ടുമുതൽ 11 വരെ പ്രവർത്തിക്കുന്ന അൽഖോർ ഫാമിലി പാർക്ക് പ്രവേശനത്തിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔൻ ആപ്പിലൂടെ ടിക്കറ്റ് എടുക്കാം. പാണ്ട പാർക്കിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. ഇതിന്റെയും ടിക്കറ്റ് ഔൻ ആപ്പിൽ ലഭ്യമാണ്. കളിസ്ഥലങ്ങൾ, നടപ്പാതകൾ, പിക് നിക് ഏരിയകൾ, ഫിറ്റ്നസ് ഉപകരണങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന വിശ്രമത്തിനും വിനോദത്തിനും പറ്റിയ മനോഹരമായ നിരവധി പാർക്കുകൾ രാജ്യത്തുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായതും സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതുമായ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോളറുകളും വീൽചെയറുകളും ഉൾക്കൊള്ളാൻ കഴിയുന്ന പാതകളും റാമ്പുകളുമുള്ള ഖത്തറിലെ പാർക്കുകൾ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന മരങ്ങളും കുറ്റിച്ചെടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് നഗര അന്തരീക്ഷത്തിൽനിന്ന് മാറി പച്ചപ്പിൽ മനം കുളിർപ്പിക്കാൻ അനുയോജ്യമായതാണ് എല്ലാ പാർക്കുകളും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)