Posted By user Posted On

മലയാളികളെ നടുക്കിയ കുവൈത്ത് തീപിടുത്തം : ബിൽഡിംഗ് റെന്റിന് എടുത്ത എൻ ബി ടി സി ഗ്രൂപ്പിനെക്കുറിച്ചും എംഡി കെ ജി എബ്രഹാമിനെ കുറിച്ചും അറിയാം …

മിഡില്‍ ഈസ്റ്റിലും കേരളത്തിലും ഒരുപോലെ അറിയപ്പെടുന്ന ബിസിനസുകാരനായ കെ ജി എബ്രാഹം, ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതും പ്രാവസ ജീവിതത്തിന്റെ പേരില്‍ തന്നെയാണ്. വലിയ ക്യാന്‍വാസില്‍ വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ട് രൂപപ്പെട്ട ആടുജീവിതം എന്ന ചലച്ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കെ ജി എബ്രഹാം എന്ന ബിസിനസുകാരന്റെ പങ്കും വളരെ വലുതായിരുന്നു. സിനിമയുടെ നിര്‍മാതാക്കളില്‍ പ്രധാനിയായിരുന്നു എബ്രഹാം. എന്നാല്‍ അങ്ങനെ മാത്രമല്ല ഇയാളെ പരിചിതമാകുന്നത്. കുവൈറ്റില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ട തീപിടുത്ത ദുരന്തത്തിന്റെ പേരിലാണെന്നതും അറിയേണ്ടതാണ്.
എബ്രഹാം പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ എന്‍ബിടിസിയുടെ കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായത്. കമ്പനി വാടകയ്‌ക്കെടുത്തതായിരുന്നു ആറുനില അപ്പാര്‍ട്ട്‌മെന്റ്.
1977 ല്‍ സ്ഥാപിതമായ എന്‍ബിടിസി നിലവില്‍ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അവരുടെ ബിസിനസുമായി സജീവമാണ്. എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക്, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവയാണ് എന്‍ബിടിസിയുടെ പ്രധാന ബിസിനസുകളെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ബിടിസിക്കു പുറമെ കെ ജി ഗ്രൂപ്പിന്റെ നേതൃത്വവും എബ്രാഹാമിനുണ്ട്. കെ ജി ഗ്രൂപ്പ് ആണ് ആടുജീവിതത്തിന്റെ സഹ നിര്‍മാതാക്കള്‍.
പത്തനംതിട്ട ജില്ലയിലെ നിരണമാണ് കെ ജി എബ്രഹാമിന്റെ സ്വദേശം. മിഡില്‍ ഈസ്റ്റിലെ വിജയികളായ മലയാളി ബിസിനസുകാരില്‍ പ്രമുഖനാണ് കാട്ടുനിലത്ത് ഗീവര്‍ഗീസ് എന്ന കെ ജി എബ്രഹാം. കുടുംബത്തിലെ ഏഴ് മക്കളില്‍ മൂന്നാമനായ എബ്രഹാം 1976 ലാണ് കുവൈറ്റില്‍ വന്നിറങ്ങുന്നത്. അന്ന് പ്രായം 22 വയസ്. സിവില്‍ എഞ്ചനീയറിംഗിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു വലിയ സ്വപ്‌നങ്ങള്‍ പണിയാന്‍ വേണ്ടി 48 കൊല്ലങ്ങള്‍ക്ക് മുമ്പ് മണലാരണ്യത്തില്‍ അന്നത്തെയാ ചെറുപ്പക്കാരന്‍ ജീവിതം തുടങ്ങുന്നത്. 60 ദിനാറുകള്‍ ശമ്പളത്തിന് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് എബ്രാഹാം ആദ്യം ജോലി തുടങ്ങുന്നത്. ഏഴ് വര്‍ഷം അവിടെ ജോലി ചെയ്തു. കൈയിലുണ്ടായ 4,000 ദിനാര്‍ മൂലധനവുമായി നാസര്‍ മൊഹമ്മദ് അല്‍-ബദാഹ് ആന്‍ഡ് പാര്‍ട്ണര്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനി എന്ന എന്‍ബിടിസിയില്‍ എബ്രഹം പാര്‍ട്ണറായി. കുവൈറ്റില്‍ ചെറുകിട സിവില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്താണ് കമ്പനി അവരുടെ യാത്ര തുടങ്ങിയത്. 1990 ലെ കുവൈറ്റ് യുദ്ധമാണ് എബ്രഹാമിന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. യുദ്ധം തുടങ്ങുന്ന ഓഗസ്റ്റ് മാസത്തില്‍ എബ്രഹാം അവധിക്ക് നാട്ടിലാണ്. യുദ്ധം അവസാനിച്ച് ഒരു മാസത്തിനുശേഷം, 1991 മേയിലാണ് എബ്രഹാം തിരിച്ച് കുവൈറ്റില്‍ എത്തുന്നത്. യുദ്ധാനന്തര അതിജീവനത്തിനായി പരിശ്രമിക്കുന്ന കുവൈറ്റില്‍ എബ്രാഹമും ഒരു നിക്ഷേപകനായി. എന്‍ബിടിസിയുടെ വളര്‍ച്ച അവിടം മുതല്‍ വേഗത്തിലായി. കമ്പനി കുവൈറ്റിനും അപ്പുറത്തേക്ക് വളര്‍ന്നു. നിര്‍മാണ മേഖലയില്‍ നിന്നും എണ്ണ, വാതക മേഖലകളിലേക്കും എന്‍ബിടിസി അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 90 ജോലിക്കാരുമായി തുടങ്ങിയ കമ്പനി മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി. അതിന്റെ ജീവനക്കാരുടെ എണ്ണം 90 ല്‍ നിന്നും 15,000 ആയി ഉയര്‍ന്നു.
കേരളത്തില്‍ എബ്രഹാമിന്റെ വിലാസം, സിനിമ നിര്‍മാതാവ്, ഹോട്ടല്‍ വ്യവസായി എന്നീ നിലകളിലാണ്. കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ എബ്രഹാമിന് പങ്കാളിത്തമുണ്ട്.
മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നൊരു മനുഷ്യസ്‌നേഹി കൂടിയാണ് കെ ജി എബ്രഹാം.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട എബ്രഹാം നിലവിലെ എൽഡിഎഫ് സർക്കാരിനെയും വിമർശിച്ചിരുന്നു, 2018 ൽ പ്രവാസികളിൽ നിന്ന് സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തിയില്ലെന്ന് പ്രസ്താവിച്ചും എബ്രഹാം രംഗത്തെത്തിയിരുന്നു. മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് എന്‍ബിടിസി കമ്പനി സഹായം പ്രഖ്യാപിച്ചിട്ടുണ്ട് മരണപ്പെട്ട 49 ജീവനക്കാരുടേയും കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.ഭാവിയില്‍ കുടുംബത്തിന്റെ സംരക്ഷണവും കമ്പനി ഉറപ്പാക്കുമെന്ന് പ്രസ്താവനയിലുണ്ട്. ഇതിനായി കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *