Posted By user Posted On

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; മുംബൈയിൽ എമർജൻസി ലാൻഡിങ്

ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എമർജൻസി ലാൻഡിങ് നടത്തി. മുംബൈ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ഇൻഡിഗോയുടെ 6E 5314 എന്ന നമ്പറിലുള്ള വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്.

ഇൻഡിഗോയുടെ ചെന്നൈ-മുംബൈ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നുവെന്ന വിവരം വിമാന കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ എമർജൻസി ലാൻഡിങ് നടത്തിയ വിമാനം പ്രോട്ടോകോൾ പ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നും ഇൻഡിഗോ അറിയിച്ചു.

മുഴുവൻ യാത്രക്കാരേയും സു​രക്ഷിതമായി വിമാനത്തിൽ നിന്നും ഇറക്കിയിട്ടുണ്ട്. ഇപ്പോൾ വിമാനത്തിൽ പരിശോധന നടന്ന് വരികയാണ്. സുരക്ഷാപരിശോധനകൾക്ക് ശേഷം വിമാനം ടെർമിനലിലേക്ക് മാറ്റുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

വെള്ളിയാഴ്ച വിസ്താരയുടെ ഡൽഹി-ശ്രീനഗർ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ശ്രീനഗർ വിമാനത്തവളത്തിൽ ഇറക്കിയതിന് ശേഷം യാത്രക്കാരെ പുറത്തിറക്കി. മെയ് 28ന് ഇൻഡിഗോയുടെ ഡൽഹി വാരണാസി വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി. വിമാനത്തിൽ നിന്നും യാ​ത്രക്കാരെ ഇറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *