ചൂട് ഉയരുന്നു; ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം
ദോഹ: ചൂട്ടുപൊള്ളും ചൂടിന് മൂർച്ച കൂടിയതോടെ പുറംതൊഴിലിടങ്ങളിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് ശനിയാഴ്ച പ്രാബല്യത്തിൽ വരുന്ന മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നത് നിരോധിക്കുന്നതാണ് നിയമം. തൊഴിൽ നിയമപ്രകാരം എല്ലാ വർഷങ്ങളിലും വേനൽ കനക്കുമ്പോൾ തൊഴിലാളികളുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ നിയമം നടപ്പാക്കുന്നത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലും മറ്റു ഗൾഫ് മേഖലകളിലും ചൂട് ശക്തമാവും. തണലും വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം തൊഴിലുടമകൾ ഒരുക്കണം.
നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം നേതൃത്വത്തിൽ പരിശോധന നടത്തുകയും ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. കഠിനമായ ചൂടുമൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമസ്ഥലം ഒരുക്കൽ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്.
ചൂടുകാലത്ത് പൊതുജനങ്ങൾ, കുട്ടികൾ, തൊഴിലാളികൾ എന്നിവർ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് പൊതുജനാരോഗ്യ-തൊഴിൽ മന്ത്രാലയങ്ങൾ നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു. മേയ് രണ്ടാം വാരത്തോടെതന്നെ രാജ്യത്തെ ചൂടിന്റെ കാഠിന്യം വർധിച്ചു തുടങ്ങിയിരുന്നു. വ്യാഴാഴ്ച ദോഹയിൽ 40 ഡിഗ്രിയായിരുന്നു താപനില. അൽഖോർ, ഷഹാനിയ, കറാന തുടങ്ങിയ ഇടങ്ങളിൽ 45 ഡിഗ്രി രേഖപ്പെടുത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)