ഖത്തറില്‍ ഇനി സൈക്കിൾ യാത്രക്ക് മാസ്റ്റർ പ്ലാൻ വരുന്നു
ദോഹ: ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഊർജം പകരുന്ന സൈക്കിൾ യാത്രക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഖത്തർ ബൈസിക്കിൾ മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം. ഇ-സ്കൂട്ടർ, സൈക്കിളുകൾ, സ്കൂട്ടർ തുടങ്ങി ചെറുഗതാഗത സംവിധാനങ്ങളുടെ സാധ്യതകളും, ആവശ്യങ്ങളും തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സർവേ പൂർത്തിയാക്കിയത്. ഖത്തറിലുടനീളമുള്ള എല്ലാ പ്രദേശങ്ങളിലെയും സ്ത്രീ-പുരുഷ ഭേദമെന്യേ സ്വദേശികളും താമസക്കാരുമായവരെ കണ്ട് അഭിപ്രായങ്ങൾ ആരാഞ്ഞാണ് സർവേ നടത്തിയത്. പാർക്കുകൾ, പാർപ്പിട-വാണിജ്യ മേഖലകൾ, ബീച്ചുകൾ, കായിക സൗകര്യങ്ങൾ, ഷോപ്പിങ്-വിനോദ മേഖലകൾ, ഗതാഗത കേന്ദ്രങ്ങൾ, സാംസ്കാരിക-വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ 147 വ്യത്യസ്ത ഇടങ്ങളിലായി സർവേയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടന്നതായി പൊതുഗതാഗത മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. 33 ശതമാനത്തിലധികം പേർ ജോലിക്കോ ഡെലിവറി ആവശ്യങ്ങൾക്കോ ഉപയോഗിക്കുമ്പോൾ വ്യായാമത്തിനും ഒഴിവുസമയം ചെലവഴിക്കുന്നതിനുമായി 66 ശതമാനം ആളുകൾ ഇതിനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് സർവേ റിപ്പോർട്ട്. ജോലി-സ്കൂൾ യാത്രകൾക്കായി 13 മിനിറ്റ് എടുക്കുമ്പോൾ വ്യായാമം, വിശ്രമ വേളകളിലെ യാത്രകൾ എന്നിവക്കായി ശരാശരി 30 മിനിറ്റ്, സർവിസ്/ഡെലിവറി ട്രിപ്പുകൾക്കായി എട്ട് മിനിറ്റും വേണ്ടിവരുന്നതായി സർവേ കണ്ടെത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)