സമരം തീർന്നിട്ടും വെള്ളിയാഴ്ച ദോഹയിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികള്‍
ദോഹ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും വീണ്ടും ദുരിതത്തിലായി പ്രവാസി യാത്രക്കാര്‍. പ്രവാസികൾ ഏറെയും യാത്രചെയ്യുന്ന ദിവസമായ വെള്ളിയാഴ്ച ദോഹയിൽനിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമായുള്ള നാല് സർവിസുകളാണ് മുടങ്ങിയത്. ഇതോടെ വീണ്ടും പ്രവാസികള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സമരത്തിന്റെ ആദ്യ ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടും സർവിസുകൾ മാത്രമാണ് റദ്ദായതെങ്കിൽ വെള്ളിയാഴ്ച നാല് സർവിസുകൾ മുടങ്ങിയത് ആയിരത്തോളം യാത്രക്കാരെ വലച്ചു. നിലവിൽ, ശനി, ഞായർ ദിവസങ്ങളിൽ കൂടി ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എയർഇന്ത്യ റദ്ദാക്കിയ പശ്ചാത്തലത്തിൽ അധികം വൈകാതെ സർവീസുകൾ പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. വാർഷിക അവധിക്ക് നാട്ടിലേക്ക് പുറപ്പെടുന്നവർ, സന്ദർശക വിസയിലെത്തി മടങ്ങുന്നവർ, കുടുംബ സമേതം യാത്ര പുറപ്പെടുന്നവർ ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് തീർത്ത യാത്രാ ദുരിതത്തിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പത്തിന് ദോഹയിൽ നിന്നും തമിഴ്നാട്ടിലെ ട്രിച്ചിയിലേക്കുള്ള ഐ.എസ് 676, ഉച്ച 11.10നുള്ള ഐ.എക്സ് 822 മംഗലാപുരം, 12.35നുള്ള ഐ.എക്സ് 376 കോഴിക്കോട്, രാത്രി 10.20നുള്ള ഐ.എക്സ് 774 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ നാട്ടിൽ നിന്നുള്ള യാത്ര മുടങ്ങിയതിന് സമാന്തരമായി ദോഹയിൽ നിന്നും തിരികെയുള്ള സർവിസും റദ്ദാവുകയായിരുന്നു. കൊച്ചി-ദോഹ വിമാനം സമയബന്ധിതമായി തന്നെ സർവീസ് നടത്തി. കൊച്ചിയിൽ നിന്നും വൈകുന്നേരം പുറപ്പെട്ട വിമാനം രാത്രി 8.35ഓടെയാണ് ദോഹയിലെത്തിയത്.
രാത്രി 9.50ഓടെ വിമാനം തിരികെ കൊച്ചിയിലേക്ക് പറന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം ദോഹയിൽ നിന്നും ശനിയാഴ്ചത്തെ കോഴിക്കോട്, കൊച്ചി, കണ്ണൂർ സെക്ടർ സർവിസുകൾക്ക് മുടക്കമില്ലെന്നാണ് പ്രതീക്ഷ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)