അറബ് ലോകത്ത് പ്രശസ്തനായ സൗദി കവി ബദ്ർ ബിൻ അബ്ദുൽ മുഹ്സിൻ രാജകുമാരൻ അന്തരിച്ചു
റിയാദ്: സൗദിയിലും അറബ് ലോകത്തും അറിയപ്പെട്ട പ്രമുഖ കവികളിലെരാളായ അമീർ ബദ്ർ ബിൻ അബ്ദുൽ മുഹ്സിൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനത്ത് വെച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.‘വാക്കിന്റെ ശിൽപി’എന്ന് വിളിപ്പേരുള്ള കവി അമീർ ബദ്ർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസിന്റെ ജനനം 1949 ഏപ്രിൽ രണ്ടിന് റിയാദിലായിരുന്നു. ആധുനിക കാവ്യാത്മകതയുടെ ഏറ്റവും പ്രമുഖനായ ആളുകളിൽ ഒരാളായി സൗദിയിലും അറബ് ലോകത്തും അറിയപ്പെട്ട ആളാണ് കവി അമീർ ബദ്ർ ബിൻ അബ്ദുൽ മുഹ്സിൻ. അനുരാഗത്തിനും അഭിമാനത്തിനും സഹതാപത്തിനുമിടയിൽ സൗദിയുടെയും അറബ് ലോകത്തിന്റെയും സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ ഗ്രന്ഥങ്ങൾ എഴുതാൻ വളരെയധികം പരിശ്രമിച്ച വ്യക്തിയാണ്. പിതാവ് ശാസ്ത്രത്തെയും സാഹിത്യത്തെയും സ്നേഹിച്ചതിനാൽ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും ഭവനത്തിലാണ് അമീർ ബദ്ർ വളർന്നത്. ഒരു സർഗ്ഗാത്മക കവി കൂടിയായ അദ്ദേഹത്തിന് നിരവധി പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ ലൈബ്രറിയുണ്ട്. പിതാവിന്റെ സദസ്സ് അക്കാലത്തെ പണ്ഡിതന്മാരും എഴുത്തുകാരും മുൻനിര ചിന്തകരും നിറഞ്ഞതായിരുന്നു. അത് അമീർ ബദ്റിലെ സാഹിത്യത്തോടും കവിതയോടുമുള്ള സ്നേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. സൗദി അറേബ്യയിലും ഈജിപ്തിലും വെച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. റിയാദിലെ സെക്കൻഡറി സ്ക്കൂളിൽ പഠിച്ച ശേഷം ബ്രിട്ടനിലും അമേരിക്കയിലും പഠനം തുടർന്നു. 1973ൽ സൗദി സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്സ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിയമിതനായി.
സൗദിയിലെ കവിതാ സംഘടനയുടെ പ്രസിഡൻറായി നിയമിതനായി. 2019ൽ സൽമാൻ രാജാവ് കിങ് അബ്ദുൽ അസീസ് ഷാൾ അണിയിച്ചു അമീർ ബദ്റിനെ ആദരിച്ചു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി 2019ൽ ‘ദി നൈറ്റ് ഓഫ് പ്രിൻസ് ബദർ ബിൻ അബ്ദുൽ മുഹ്സിൻ: ഹാഫ് എ സെഞ്ച്വറി ആൻഡ് ദി ഫുൾ മൂൺ’എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു ആദരിച്ചു. അഞ്ച് പതിറ്റാണ്ടായി സൗദി സർഗാത്മക പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെ അഭിനന്ദിച്ചു 2021 മാർച്ചിൽ ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസ്ലേഷൻ അതോറിറ്റി അമീർ ബദ്ർ ബിൻ അബ്ദുൽ മുഹ്സിന്റെ സമ്പൂർണ്ണ സാഹിത്യ കൃതികൾ ശേഖരിക്കാനും അച്ചടിക്കാനും ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. 2023 മാർച്ചിൽ കുവൈത്തിലെ ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവലിന്റെ 28-ാമത് സെഷനിന്റെ സമാപനത്തിൽ അമീർ ബദ്റിനെ ആദരിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)