അവധി കഴിഞ്ഞ് മടക്കയാത്ര; സജീവമായി ഖത്തർ ഹമദ് വിമാനത്താവളം
ദോഹ: വേനലവധി അവസാനിച്ച്, വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങാൻ തയാറെടുക്കവെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാരെയും താമസക്കാരെയും സ്വാഗതം ചെയ്യുന്നതിന് നടപടിക്രമങ്ങൾ എളുപ്പമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം. യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്തതും സൗകര്യപ്രദവുമായ ആഗമന അനുഭവം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യാത്രക്കാരുടെ സൗകര്യാർഥം എത്തിച്ചേരൽ എമിഗ്രേഷൻ ഹാളിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ വിമാനത്താവള അധികൃതർ നിർദേശം നൽകുന്നുണ്ട്. വലുപ്പം കൂടിയതോ നിശ്ചിത ക്രമത്തിലില്ലാത്തതോ ആയ ചെക്ക് ഇൻ ലഗേജുകൾ പ്രത്യേകം തയാറാക്കിയ ബാഗേജ് റിക്ലെയിം ബെൽറ്റുകളിലാണ് എത്തുകയെന്നും അറിയിച്ചു. അതോടൊപ്പം ഹാർഡ്-ഷെൽ ബാഗുകളിൽ പെട്ടെന്ന് പൊട്ടിപ്പോകുന്ന വസ്തുക്കൾ സുരക്ഷിതമായി പാക്ക് ചെയ്യണമെന്നും ബാഗുകൾ വീണ്ടെടുക്കുന്നതിന് മുമ്പ് ബാഗ് ടാഗ് പരിശോധിച്ചിരിക്കണമെന്നും ശിപാർശ ചെയ്യുന്നു.യാത്രക്കാർക്ക് വിമാനത്താവളത്തെയും നഗരത്തെയും ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളം വാഗ്ദാനം ചെയ്യുന്നത്. ആഗമന ഹാളിന്റെ ഇരുവശത്തുമായി ബസ് പവിലിയനും ടാക്സി പവിലിയനും സ്ഥാപിച്ചിട്ടുണ്ട്. ടാക്സി പവിലിയനുകളിൽനിന്ന് ടാക്സികൾ ഉപയോഗിക്കാനും യാത്രക്കാരോട് നിർദേശിച്ചു.
എയർപോർട്ട് ടെർമിനലിൽനിന്ന് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് നടക്കാമെന്നും ഓരോ മൂന്നു മിനിറ്റിലും മെട്രോ ട്രെയിൻ ലഭ്യമാകുമെന്നും വിമാനത്താവളം ഓർമിപ്പിക്കുന്നു. ടെർമിനലിൽനിന്ന് യാത്രക്കാരെ എടുക്കുന്നതിന് ഹ്രസ്വകാല കാർ പാർക്കിങ് സംവിധാനവും ഉപയോഗപ്പെടുത്താം. റെന്റൽ കാർ, ലിമോസിൻ സേവനങ്ങൾ എന്നിവയെല്ലാം അറൈവൽ ഹാളിനടുത്ത് സജ്ജമാക്കിയിട്ടുണ്ട്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)