ഖത്തറില് എക്സ്പോ 2023 കലാവിരുന്നുമായി ലോകപ്രശസ്തരെത്തും
ദോഹ: ഖത്തർ കാത്തിരിക്കുന്ന ദോഹ എക്സ്പോ 2023ന്റെ പ്രധാന വേദികളിലൊന്നായ ഗ്രാൻഡ് സ്റ്റാൻഡ് അറീനയിൽ സംഗീത, കലാപ്രകടനങ്ങളുമായെത്തുക ലോകപ്രശസ്ത അന്തർദേശീയ, പ്രാദേശിക കലാകാരന്മാർ. എക്സ്പോക്കായി അൽബിദ പാർക്കിലെത്തുന്ന സന്ദർശകർക്ക് ഗ്രാൻഡ് സ്റ്റാൻഡ് അറീന മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എക്സ്പോ വെബ്സൈറ്റ് പ്രകാരം 5000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ഗ്രാൻഡ് സ്റ്റാൻഡ് അറീനക്ക്.
അഞ്ചു ലക്ഷം വീതം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള സാംസ്കാരിക മേഖലയും കുടുംബ മേഖലയും അൽ ബിദ പാർക്കിലെ എക്സ്പോ വേദിയിൽ സജ്ജമാക്കുന്നുണ്ട്. കുടുംബ മേഖലയിലെ കൾചറൽ ബസാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിൽപനയും പ്രദർശനവുമാകും പ്രധാന ആകർഷണം.
കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങൾക്കായി രണ്ടായിരം പേരെ ഉൾക്കൊള്ളുന്ന ഓപൺ എയർ ഫാമിലി ആംഫി തിയറ്ററും എക്സ്പോയിലുണ്ടാകും. ഓരോ സന്ദർശകനും ഇടംനൽകുന്ന രീതിയിലാണ് ഇവിടം രൂപകൽപന ചെയ്തിരിക്കുന്നത്.
എക്സ്പോ വേദിയിലെ ഇൻഡോർ ഗാർഡനുകളും സന്ദർശകശ്രദ്ധ കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂന്തോട്ടങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി പ്രത്യേക സാഹചര്യങ്ങളും അനുകൂല താപനിലയുമൊരുക്കി വലിയ താഴികക്കുടങ്ങൾക്കുള്ളിലാകും പൂന്തോട്ടമൊരുക്കുക. അടച്ചിട്ട പ്രദേശത്ത് പ്രത്യേക പരിചരണവും താപനിലയും ആവശ്യപ്പെടുന്ന ചെടികളും പൂക്കളും നട്ടുവളർത്തുന്ന ഒരു ക്രമീകരണമായിരിക്കും ഇവിടെയുണ്ടാകുക.
കുടുംബമേഖലയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ജൈവവൈവിധ്യ മ്യൂസിയം ഇതിനകം വാർത്താപ്രാധാന്യം നേടി. മേഖലയിലെ സമ്പന്നമായ സസ്യ-ജന്തുജാലങ്ങളും വൈവിധ്യമാർന്ന സമുദ്രജീവികളും സസ്യങ്ങളും ഇവിടെ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി ശാസ്ത്രവും പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജസ്രോതസ്സുകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനവും ഇവിടെ നടക്കും.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)